Fan Blogsമാറുന്ന ലോകവും, മാറുന്ന ബ്ലാസ്റ്റേഴ്സും!

November 15, 2020
fan-blog

“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ!” ദുരവസ്ഥയിൽ കൂടി കുമാരനാശാൻ അവതരിപ്പിച്ച ആശയം കാലാതീതവും മാറ്റമില്ലാത്തതുമായിരുന്നു. ഒരു മാറ്റം ബ്ലാസ്റ്റേർസിന് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. അടിസ്ഥാനപരവും കാലികവും ശാശ്വതവുമായ മാറ്റം! മാറ്റം ഇന്ന് ബ്ളാസ്റ്റേഴ്സിന്റെ പ്രവർത്തനരീതികൾ മുതൽ ക്ലബ്ബിന്റെ വിദേശ താരങ്ങളുടെ റിക്രൂട്ടിംഗ് വരെ പ്രകടമാണ്. 2014ൽ ക്ലബ്‌ രൂപം കൊണ്ടപ്പോൾ മുതൽ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ ഉണ്ടായിരുന്ന ഒരു കടുത്ത ആരാധകൻ എന്ന നിലയിൽ, എന്റെ ക്ലബ്ബിന് വന്ന ഈ മാറ്റങ്ങളിൽ ഞാൻ തീർത്തും സംതൃപ്തനാണ് എന്നത് പുഞ്ചിരിയോടെയും ആത്മാവിശ്വാസത്തോടെയും കൂടി ഇവിടെ കുറിക്കുന്നു. സ്ഥിരതയില്ലായ്മകൊണ്ടും, ഭാവിയിലേക്കുള്ള മുൻകരുതലിലെ പാളിച്ചകൾക്കൊണ്ടും നമ്മൾ കഴിഞ്ഞകാലം കുറേ തിക്താനുഭവങ്ങൾ നേരിട്ടു. ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് നമ്മൾ നാലും അഞ്ചും വർഷക്കരാറുകൾ നൽകുന്നു. യൂറോപ്പ ലീഗും, ചാംപ്യൻസ് ലീഗും കളിച്ചനുഭവസമ്പത്തുള്ള, മേന്മയുള്ള വിദേശ കളിക്കാരെ ഭാവിയിലേക്ക് കൂടി നോക്കി സൈൻ ചെയ്യുന്നു. വിസെന്റെ ഗോമസിനെ പോലെ ലാലീഗയിലും, ലാലീഗ 2 വിലും കളിച്ചു തെളിയിക്കപ്പെട്ട പ്ലെയർക്ക് 3 വർഷക്കരാർ! പെരേയ്രയെപ്പോലെ സൈപ്രസ് ലീഗിൽ സ്ഥിരതയും മേന്മയും കാണിച്ച കളിക്കാരന് 1+1 വർഷക്കരാർ.

ഒരു വർഷം മുമ്പ് ഞാൻ സ്വപ്നം കാണാൻ പോലും മടിച്ച കാര്യങ്ങൾ ഇന്ന് ഒരു യാഥാർഥ്യമാണ്. ചെക്ക് ലീഗിൽ സ്ഥിരതയോടെ ശോഭിച്ച സ്പാർട്ട  പ്രാഗ് താരം കോസ്റ്റയും, അനുഭവം കൊണ്ടും കഴിവ് കൊണ്ടും ലോക ഫുട്ബോളിൽ കയ്യൊപ്പ് ചാർത്തിയ ഗാരി ഹൂപ്പറും ഇന്ന് മഞ്ഞപ്പടയുടെ ഭാഗമാണ്. ഗാരി ഹൂപ്പറും പെരേയ്രയും സൈനിംഗിന്റെ ഭാഗമായി വൈദ്യപരിശോധന നടത്തിയ ക്ലബ്ബ് റിപ്പോർട്ടുകളും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ എന്ന നിലയിൽ എനിക്ക് നൽകുന്ന സന്തോഷം കുറവല്ല. തുടക്കം മുതൽ എന്റെ ക്ലബ്ബിലും വേണമെന്ന് ഞാൻ ആഗ്രഹിച്ചുകൊണ്ടിരുന്ന പ്രൊഫഷണൽ മാറ്റങ്ങൾ ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിൽപ്പരം എന്ത് സന്തോഷമാണ് കോവിഡ് കൊണ്ട് കെട്ട ഇക്കാലത്ത് നമുക്ക് വേണ്ടത്? ക്ലബ്ബ്, കരോലിസ് സ്കിൻകിസെന്ന സൂത്രശാലിയായ ലിത്വനിയക്കാരനെ സ്പോർട്ടിങ് ഡയറക്ടറായി നിയമിച്ചപ്പോൾത്തന്നെ വരാൻ പോവുന്ന മാറ്റങ്ങൾ ഞാനൂഹിച്ചിരുന്നു. സാമാന്യബോധമുള്ളവരും ക്ലബ്ബിനെ ആത്മാർഥമായി ഇഷ്ട്ടപ്പെടുന്നവരും ഈ മാറ്റം അന്നേ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം. കരോലിസ് സ്കിൻകിസ്‌ എന്ന വ്യക്തി കഴിഞ്ഞ എട്ടോ ഒൻപതോ മാസം കൊണ്ട് ഒളിഞ്ഞും തെളിഞ്ഞും ഇവിടെ ഉരുവപ്പെടുത്തിയെടുത്ത ഈ മാറ്റമാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ നേട്ടം.

ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയതിൽ വച്ചേറ്റവും നിർണായകവും ഏറ്റവും മൂല്യമേറിയതുമായ സൈനിംഗ് അദ്ദേഹത്തിന്റേതാവും! കടുത്ത ആരാധകരാണെങ്കിലും, ഒറ്റ രാത്രികൊണ്ട് കിരീടം കിട്ടുമെന്നും ഏഷ്യൻ ചാംപ്യൻസ് ലീഗ് നേടുമെന്നുമൊന്നും പ്രായോഗികബുദ്ധിയുള്ള ആരും ദിവാസ്വപ്‍നം കാണാനിടയില്ല. ഇത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും, ശാശ്വതമായ നേട്ടങ്ങളിലേക്കുള്ള ഒരു നിർണ്ണായക ചുവട് വെയ്പ്പ് മാത്രമാണെന്നും നാമോർക്കണം. കാത്തിരിപ്പും നൊമ്പരവും എന്നും നമ്മുടെ ഭാഗമായിരുന്നു. ഇനിയും ഒന്നോ രണ്ടോ സീസണുകൾ കാത്തിരിക്കാൻ നമ്മെ ആരും പഠിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അതിനിടയിൽ നാമാഗ്രഹിക്കുന്നത് നമുക്ക്‌ കിട്ടിയാൽ അതാവും ചരിത്രം! ഇഷ്ട്ടമുള്ള കാര്യങ്ങളെക്കുറിച്ചുള്ളതെന്തും നിയന്ത്രിക്കുകയെന്നത് ആയാസകരമാണ്. പരിമിതികൾ ലംഘിച്ചും ഞാനിവിടെ ബ്ളാസ്റ്റേഴ്സിനെക്കുറിച്ചുപന്യാസ നിർമാണം നടത്താൻ വഴിയുള്ളതിനാൽ മനസ്സില്ലാമനസ്സോടെ നിർത്തുകയാണ്, വരും സീസണിൽ എന്റെ പ്രിയപ്പെട്ട ക്ലബ്ബിന് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ട്.

#YennumYellow

Author : RKV, Kannur

WOULD YOU LIKE TO SUBSCRIBE TO KBFC NEWSLETTER?

ABOUT KBFC

footer-logo2

Formed on 27th May 2014, Kerala Blasters FC is one of the eleven teams that is a part of the Indian Super League (ISL) since its inception, with its Home ground at Jawaharlal Nehru Stadium, Kaloor, Kochi.

KBFC Connect

Kerala Blasters FC
Jawaharlal Nehru International Stadium,Stadium Link Road,Kaloor, Kochi, Kerala 682017

Latest Tweets

@KeralaBlasters - 7 hours

On our path we continue! ✊🏼🟡 #കേരളബ്ലാസ്റ്റേഴ്സ്

@KeralaBlasters - 10 hours

🎥 Aashan gets in his wishes on our club's 8th anniversary! 🗣️ #KBFC…

All contents © copyright Kerala Blasters FC. All rights reserved.